Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 25

14.03.2024


ചമ്രംപടിഞ്ഞിരുന്നീടുന്ന കണ്ണനെ

നന്നായിമേൽശാന്തി,യിന്നൊരുക്കി

പൊന്നിൻതളയിട്ടും പൊന്നരഞ്ഞാണത്തിൽ

കുഞ്ഞു*കുടപ്പനും ചാർത്തിക്കൊണ്ട്


കൈവള,തോൾവള,കാതിൽചെവിപ്പൂക്കൾ

രണ്ടെണ്ണം വീതമായ് കണ്ടിടുന്നു

കുഞ്ഞിളംമാറിലായ് സ്വർണ്ണത്തിൻമാലകൾ

ഉണ്ടപ്പൂമാലയ്ക്കു ചേരുംമട്ടിൽ


ചന്ദനംചാർത്തിയ നെറ്റിത്തടംതന്നിൽ

മിന്നിത്തിളങ്ങുന്നു സ്വർണ്ണഗോപി

വർണ്ണക്കളഭക്കിരീടത്തിൽ കാണുന്നു

പൊന്മയിൽപ്പീലികൾ ചന്തമോടെ


വെള്ളപ്പൂക്കൾകൊണ്ടുതീർത്തുള്ള ഹാരങ്ങൾ

തന്മുടിമാലയായ് കാണുന്നുണ്ട്

പോരെങ്കിലത്രയും കാണുന്നുമാലകൾ

മോളില,ലങ്കാരമോടെയുണ്ട്


കുഞ്ഞിപ്പദങ്ങൾ പടിഞ്ഞങ്ങിരിക്കുന്ന

പൊന്നുണ്ണിക്കണ്ണന്നരികിലായി

വെള്ളിക്കുടമൊന്നിരിക്കുന്നു,കൈകളാൽ

മന്ദംതിരയുന്നതെന്തിനാവോ


ചെഞ്ചൊടിപ്പുഞ്ചിരിയാലല്ലോ,മെല്ലവേ

അന്തണനാമത്തെ വായിക്കുന്നു

വന്നീടാൻപോകുന്ന മേൽശാന്തിയാരെന്നായ്

നന്ദകുമാരകൻ മന്ത്രിക്കുന്നു


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയാ നീലവർണ്ണാ

കൃഷ്ണാഹരേജയാ കൃഷ്ണാഹരേജയ

മുക്തിപ്രദായകാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

കുടപ്പൻ = അരഞ്ഞാണത്തിൽലിടുന്ന 

വാഴക്കുടപ്പന്റെ മാതൃകയിലുള്ള ഒരു മണി.

No comments:

Post a Comment