Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 54

12.04.2024


മേൽശാന്തിയാകും മധുസൂദന,നുണ്ണി-

ക്കേശവനമ്മയായ് മാമംനൽകി

കക്കാട്ടെയോതിക്കനായസതീശനി-

ക്കുട്ടനുനന്നായ് കളഭംചാർത്തി


ഊഞ്ഞാലിൽകേറിയിരിക്കുന്നപോലാണീ

മാധവരൂപമെഴുതിക്കാണ്മൂ

ഓടക്കുഴലരക്കെട്ടിൽ തിരുകിയു-

മോമൽക്കയ്യൂഞ്ഞാൽക്കയർപിടിച്ചും


താഴേയ്ക്കായ് തൂങ്ങിക്കിടക്കും പദങ്ങളിൽ

കാണുന്നു പൊൻതള മിന്നിമിന്നി

കിങ്ങിണിമേലല്ലോ ചെമ്പട്ടുകോണകം

ഭംഗിയിലാരാണുടുപ്പിച്ചിന്ന്


ഊഞ്ഞാലുവള്ളി മുറുക്കിപ്പിടിച്ചുള്ള

പാണികൾശോഭിപ്പൂ കൈവളയാൽ

മാറിൽമാകന്ദപ്പഴത്തിന്റെമാലയു-

ണ്ടേതാനും വെള്ളപ്പൂമാലയ്ക്കൊപ്പം


തോളത്തുകേയൂരം,കാതിൽചെവിപ്പൂക്കൾ

കാണാമാനെറ്റിയിൽ സ്വർണ്ണഗോപി

കാണാം കനകക്കിരീടേമുടിമാല

താമര,തെച്ചിപ്പൂചേർന്നുനന്നായ്


മേലേതുളസിപ്പൂമാലകൾ കാണുന്നു

കോമളനുണ്ണിയ്ക്കലങ്കാരമായ്

ഓടിയെത്തീടു,മെന്നമ്മയിന്നൂഞ്ഞാലി-

ലാടിയ്ക്കാനെന്നോർത്തിരിപ്പുകണ്ണൻ


കൃഷ്ണാഹരേജയ കൃഷ്ണാഹരേ ജയ

കൃഷ്ണാഹരേ വസുദേവസൂനോ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേ നന്ദഗോപസൂനോ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment