Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 39

28.03.2024


വെള്ളിയൂഞ്ഞാൽപ്പടിമേലാണിരിക്കുന്നു

വൃന്ദാവനത്തിലെ കാമരൂപൻ

തൻവലംകയ്യാലെ,യൂഞ്ഞാലുവള്ളിയും

മെയ്യോടുചേർത്തല്ലോ,രാധയേയും


മൂന്നുലോകങ്ങളടിയാലളന്നതാം

നൂപുരംചേർന്നൊരാ പാദങ്ങളും

പീതാംബരപ്പട്ടു,ടയാടചേർന്നൊരാ

മോഹനമാമ,രക്കെട്ടും കാണാം


കൈവള,മാറിൽപതക്കമാല,ചെവി-

ക്കിമ്പമിണക്കുന്ന സ്വർണ്ണ ഗോപി

ചന്ദനച്ചാർത്തിൽ തിരുമുഖനെറ്റിയിൽ

ചന്തം തികഞ്ഞതാം പൊൻതിലകം


കാണാം കളഭക്കിരീടത്തിൽ ചന്ദനാൽ

നേരായ് മെനഞ്ഞ മയിൽപ്പീലികൾ

താമരമാലയൊന്നുണ്ടു കാണുന്നതാ

മേലെക്കിരീടത്തിൽ ഭംഗിയോടെ


മാധവനോടൊത്തുചേർന്നിരുന്നീടുന്ന

രാധതൻരൂപവുമെന്തഴകാം

ശോണവർണ്ണപ്പട്ടുചേലയാൽ,സൗന്ദര്യ-

ധാമമായ് കാണുന്നു ഗോപിയേയും


ചെഞ്ചേലയോടിണങ്ങീടുന്നകഞ്ചുകം

നന്നായണിഞ്ഞുള്ളരാധമന്ദം മിന്നും,രജതപ്പടിചേർന്നൊരൂഞ്ഞാലിൻ-

വള്ളിയിൽകൈവെച്ചു ചേർന്നിരിപ്പു


നിസ്വാർത്ഥരാഗമെന്താണെന്നുരാധയും

കൃഷ്ണനും പണ്ടേയറിവായ് തന്നു

ഇപ്പൊഴുമെപ്പൊഴുംകാണിച്ചിടേണമേ

സത്യത്തെയെന്നും പ്രണയരൂപാ


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ രാധാകൃഷ്ണാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാ രാധാദേവീജീവനാഥാ !


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment