ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 50
08.04.2024
മടുപ്പുകൂടാതെഭവത്സ്വരൂപം
പടുത്തുമുന്നൂലഭവോയ്ക്കനിന്ന്
അടുത്തിരുന്നാമധുസൂദനൻതാൻ
കൊടുത്തുമദ്ധ്യാഹ്നനിവേദ്യമപ്പോൾ
തിളങ്ങിടുംസ്വർണ്ണപ്പടിയുള്ളൊരൂഞ്ഞാ-
ലതിന്റെസ്വർണ്ണക്കയറിൽപ്പിടിച്ച്
പറന്നുമേലോട്ടുയരാൻകൊതിച്ചാ-
ണിരിപ്പു,കണ്ണൻചിരിയോടെയിന്ന്
ഇരുന്നുതാഴേയ്ക്കഥതൂക്കിയിട്ട-
പ്പദങ്ങൾ സ്വർണ്ണത്തളകൾതെളിഞ്ഞും
കുരുന്നുതൃക്കൈകളിൽകങ്കണങ്ങൾ
നിറന്നുകാണുന്നൊരുമങ്ങലെന്യേ
അരയ്ക്കുമേലേ,യതിഭംഗിയോടേ-
യണിഞ്ഞുകാണാമൊരുപൊന്നരഞ്ഞാൺ
അതിന്റെമേലായൊരുകോണമുണ്ടേ
നിവർത്തിയാണമ്മയുടുത്തുതന്നു
പതക്കമുണ്ടായൊരുമാല,പിന്നെ-
ക്കുരുന്നുനെഞ്ചത്തൊരുമാങ്ങമാല
*കളിമ്പനേറ്റംപ്രിയമുള്ളതൃത്താ-
ക്കഴുത്തിനാൽകെട്ടിയൊരുണ്ടമാല
കിളുന്നുതോളിൽവളകൾ,ചെവിപ്പൂ-
പതിച്ചുകാണുന്നിരുകർണ്ണഭൂഷ
മുഖത്തുമന്ദസ്മിതമൊത്തുകാണാം
വിരിഞ്ഞനെറ്റിക്കുറിസ്വർണ്ണവർണ്ണേ
ശിരസ്സിൽ മഞ്ഞക്കളഭക്കിരീടേ
നിറഞ്ഞുകാണാം മുടിമാലയൊന്ന്
വിതാനമായ്മാലകൾനാലുപോരേ
മുരാരിയെന്നും വനമാലിയല്ലേ !
പെരുത്തഭക്ത്യാലൊരു ശ്രീകുമാര-
ദ്വിജൻ നമുക്കേകിന ദിവ്യരൂപം
നമിച്ചുകൂപ്പാമൊരുശങ്കകൂടാ-
തിരന്നിടാം ദേവനെഴുന്നപാദം
വിരാട്സ്വരൂപാ വിജയന്റെതോഴാ
വിളിക്കെ,ഭക്തർക്കഭയപ്രദാനാ
വരുന്നുഞങ്ങൾഗുരുവായുരിങ്കൽ
കൃപാകടാക്ഷങ്ങൾ ചൊരിഞ്ഞിടേണേ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment