Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 31

20.03.2024


 മുട്ടുകാലിൽ നിവർന്നുനിൽക്കുന്നു

കൃഷ്ണോതിക്കന്റെ കുഞ്ഞുണ്ണി

ഉച്ചനൈവേദ്യം മന്ത്രത്താൽചെയ്തു

കക്കാട്ടെ മനുവോതിക്കൻ


കാൽത്തളയുണ്ട് കൈവളകളും

മാർത്തടത്തിൽ പൊന്മാലയും

നേർത്തകണ്ഠേ,വളയമാലയും

ചാർത്തിനിൽക്കുന്നു കൈശോരൻ


രണ്ടുകയ്യാൽ നവനീതക്കുടം

കുമ്പമേൽ ചേർത്തുകാണുന്നു

വെണ്ണയുണ്ടീടാം മാതാവുച്ചയ്ക്കു,

കണ്ണടയ്ക്കുമ്പോളെന്നപോൽ


കാതിൽപ്പൂവും,തിരുനെറ്റിതന്നിൽ

ഗോപിയും,കണ്ടുനിൽക്കുമ്പോൾ

ഓടിച്ചെന്നു മുകർന്നീടാൻതോന്നും

ദേവകീപുത്രൻ കണ്ണനെ


പീലിക്കെട്ടിലായ്ചന്ദനത്താലെ

കാണുന്നൂ മുടിമാലകൾ

മേലാപ്പിൽ വിതാനിച്ചുകാണുന്നു

താമര,തെച്ചിമാലകൾ


വെണ്ണയുണ്ണുവാൻതോന്നവേ,വായിൽ-

നിന്നുവീണീടും തുള്ളികൾ

വന്യമാലയിൽ മുത്തുപോലല്ലോ

നന്നു,ശോഭിച്ചുകാണുന്നു


കള്ളപ്പുഞ്ചിരിതൂകിനിൽക്കുന്ന

കണ്ണനെയൊന്നുകൂപ്പീടാൻ

ചെല്ലേണം ഗുരുവായൂരിൽ വേഗ-

മല്ലെങ്കിലിതു ചൊല്ലേണം


കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ

കൃഷ്ണ ദ്വാരകാനായകാ

കൃഷ്ണകൃഷ്ണ യശോദാനന്ദന

കൃഷ്ണ കൃഷ്ണ വണങ്ങുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment