ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 53
11.04.2024
ധന്വന്തരമൂർത്തിരൂപത്തിലാണല്ലോ
കണ്ണനെയോതിക്കനിന്നൊരുക്കി
മഞ്ഞക്കളഭപ്പദങ്ങളിൽ പൊൻതള
മിന്നുന്നുതൃക്കയ്യിൽകങ്കണങ്ങൾ
മഞ്ഞപ്പുടവ ഞൊറിഞ്ഞുടുത്തിട്ടുണ്ടു
കിങ്ങിണികെട്ടിയിട്ടുണ്ടതിന്മേൽ
തോൾവള,കാതിൽപ്പൂ ,കാണുന്നുനെറ്റിയിൽ
ഗോപിക്കുറിയൊന്നുഭംഗിയോടെ
നന്നായ് നെറുകിൽ തെളിഞ്ഞുകണ്ടീടുന്നു
പൊന്നിൻമകുടമതിന്റെമേലെ
വെള്ളനന്ത്യാർവട്ടംകൊണ്ടുമുടിമാല
ചന്തത്തിലാരാണുകെട്ടിയിന്ന്!
മേലെവിതാനമായ് താമരമാലകൾ
കാണുന്നു ശ്രീലകം മോടികൂട്ടാൻ
മാറിൽവനമാലകുടാതെ കൃഷ്ണനു
മുന്നാലുമാലകൾ സ്വർണ്ണവർണ്ണേ
നാലുകരങ്ങളാണൊന്നിൽസുദർശനം
കാണുന്നുമറ്റതിൽ ശംഖവുമായ്
കാണാമമൃതകുംഭ,മിടംകയ്യിലോ
കാണാം* ജളൂക വലംകയ്യിലും
ലോകംപടർന്നുകണ്ടീടുന്നരോഗങ്ങ-
ളേതും,ശമിപ്പാനമൃതവുമായ്
ലോകനന്മയ്ക്കായിമന്ദഹാസത്തൊടീ
ശ്രീലകേ നിൽക്കുന്നു നാരായണൻ
* അച്യുതാനന്തഗോവിന്ദ നാരായണാ
അച്യുതാനന്തഗോവിന്ദാഹരേ
അച്യുതാനന്തഗോവിന്ദനാരായണാ
അച്യുതാ ഔഷധകുംഭധാരേ
ഗിരിജ ചെമ്മങ്ങാട്ട്
* ജളൂക = അട്ട.ആയൂർവ്വേദത്തിലെ ഒരു ചികിത്സാവിധിയാണ് അട്ടയെക്കൊണ്ട് അശുദ്ധരക്തം കുടിപ്പിക്കൽ
"അച്യുതാനന്തഗോവിന്ദാ " എന്ന മന്ത്രം ജപിച്ചിട്ടാണ് സാധാരണ മരുന്നുകഴിക്കാറുള്ളത്.
No comments:
Post a Comment