ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 69
27.04.2024
കാളീന്ദിതീരത്തെയാലിൻകൊമ്പത്തതാ
കാൽതൂക്കിയിട്ടങ്ങിരിക്കുമ്പോലെ
ഓതിക്കൻകൃഷ്ണനാണല്ലോകളഭത്തി-
ലോമനക്കണ്ണനെയിന്നൊരുക്കി
കാലിൽതളയുണ്ട്,കൈകളിൽകാപ്പുണ്ട്
കോടിപ്പുതുപട്ടുകോണമുണ്ട്
പൊന്നരഞ്ഞാണം കുടപ്പനോടിന്നതാ
പൊന്നരതന്നിലായ്ക്കാണുന്നുണ്ട്
കുഞ്ഞുനെഞ്ചത്തൊരുസ്വർണ്ണമാല,പിന്നെ
കുഞ്ഞിക്കഴുത്തോടുചേർന്നമാല
നന്ത്യാർവട്ടപ്പൂവും തെച്ചിപ്പൂവും ചേർത്തു
ചന്തത്തിൽ കോർത്തൊരു വന്യമാല
കർണ്ണത്തിലുണ്ടുതിലകക്കുറി,നെറ്റി-
തന്നിലുംകാണുന്നുഭംഗിയോടെ
മിന്നുംകളഭക്കിരീടത്തിൽപീലികൾ
സുന്ദരക്കുട്ടനണിഞ്ഞിട്ടുണ്ട്
വെള്ളമന്ദാരത്തിരുമുടിമാലയും
അഞ്ചാറലങ്കാരമാലയുമായ്
ഊണുംകഴിഞ്ഞാലിൻകൊമ്പത്തിരിപ്പതായ്
ശ്രീലകേവാഴുന്നുനന്ദപുത്രൻ
ഗോപികൾതീരത്തുവെച്ചപൂഞ്ചേലകൾ
മാമരക്കൊമ്പത്തു തൂക്കിയിട്ട്
മായച്ചിരിയോടെ,ഞാനല്ലയെന്നായി
വേണുവിളിച്ചിരിക്കുന്നു കൃഷ്ണൻ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേ മായാജാലക്കണ്ണാ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാ യശോദയ്ക്കുചേർന്നപുത്രാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment