Friday, 19 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 107

18.07.2024

ഉരലുംവലിച്ചുകൊണ്ടോടിവരുന്നപോൽ
തളയിട്ട കാലുമായ് കണ്ണൻ
ഗുരുവായുവൂരിലെ ശ്രീലകത്തിന്നതാ
കളഭാലണിഞ്ഞുനില്ക്കുന്നു

പുതുകാപ്പുമിന്നുന്ന വലതുകരമതിൽ
നവനീതമുണ്ടു,കാണുന്നു
അരുമയാം മുരളികയാണിടംകയ്യിലോ
നവനീതകൃഷ്ണനണിഞ്ഞു

അരയിലണിഞ്ഞുകാണുന്നുണ്ടുകിങ്ങിണി
അതിനോടുചേർന്നുള്ള കോണം
കയറൊന്നുകാണുന്നു,കുമ്പമേലമ്മയോ
അരികത്തെയുരിലിൽ തളച്ചു!

തളിരൊത്തമാറിലുണ്ടല്ലോതിളങ്ങുന്നു
അരിമുല്ലമൊട്ടിന്റെ മാല
മൃദുലമാംകണ്ഠത്തിലല്ലോമിനുങ്ങുന്നു
വളയരൂപംപൂണ്ടമാല

നടുവിൽധരിച്ചതായ്കാണ്മൂപതക്കവും
വനമാലയോടൊത്തുചേലിൽ
അതുപോലെയോരോപതക്കങ്ങൾതോളിലും
അഴകായ് വരഞ്ഞു കാണുന്നു

നിടിലത്തിലിന്നു,മണിഞ്ഞുകാണുന്നുണ്ടുകനകതിലകവും നന്നായ്
കളഭക്കിരീടത്തിലുണ്ടേ മയില്പീലി
അതിനൊത്തുചേരുന്നഹാരം

ഉരലെങ്കിലെന്തേ,യെനിക്കിന്നുപുല്ലെന്ന
നിനവിൽ കളിക്കുന്നപോലെ
ഉലകംനമിക്കുന്നകേശവൻമന്ദിരേ
ചിരിതൂകിനില്പതായ് കാണ്മു!

ജയജയകൃഷ്ണാ ജനാർദ്ദനാ മാധവാ
ജയജയകൃഷ്ണ ഗോവിന്ദാ
ജയജയ വേണുഗോപാലാ രമാകാന്ത
ജയജയ കൃഷ്ണാ മുകുന്ദാ

ഗിരിജ ചെമ്മങ്ങാട്ട്









No comments:

Post a Comment