Friday, 5 July 2024

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 3

20.2.24


കലശമാടിയിട്ടുച്ചയൂണുംകഴിഞ്ഞൂ

സുഖദഭാവത്തിൽചമ്രംപടിഞ്ഞിരിപ്പൂ

തൊഴുതിടാൻതോന്നുമച്ചരണങ്ങളിലായ്

നയനമോഹനം പൊൻതളമിന്നിമിന്നി


അരയിലുണ്ടുനൽക്കിങ്ങിണിചന്തമോടെ

അരിയൊരുമാങ്ങമാലയാമാറിടത്തിൽ

ഇരുകരത്തിലുംകൈവള,തോളിലുണ്ടേ

കനകനിർമ്മിതംതോൾവളഭംഗിയോടെ


വലതുകയ്യിലായ് വെണ്ണകാണുന്നതുണ്ടേ

ഇടതുകയ്യിലായ് നാദമേകുന്നവേണു

നിടിലഭംഗിയിൽചേർന്നൊരസ്സ്വർണ്ണഗോപി

നിറുകയിൽമൂന്നുപീലികൾകൺമയക്കും

തിരുമുടിമാല,തെച്ചിതൃത്താവുമല്ലോ

ഇരുചെവിയിലുംപൂക്കളുമുണ്ടുഭംഗ്യാ

ചൊടിയിണയിൽതൂമന്ദഹാസംനിറഞ്ഞും

നളിനലോചനൻ ശ്രീലകം വാണിരിപ്പൂ


ജയജയകൃഷ്ണമാധവാഗോപബാലാ !

ജയജയമധുസൂദനാലോകനാഥാ !

ജയജയനന്ദസൂനോമുരാരേഹരേ !

ജയജയരമാവല്ലഭാഭൂമികാന്താ!

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment