Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 67

25.04.2024


മുന്നൂലമില്ലത്തെയോതിക്കനാണല്ലോ

പൊന്നുണ്ണിക്കണ്ണനെയിന്നൊരുക്കി 

എന്നത്തേയുംപോലെയമ്മതൻഭാവത്തി-

ലിന്നുമാ,മേൽശാന്തിപൂജചെയ്തു 


കുഞ്ഞിപ്പാദങ്ങളിൽപൊന്നിൻതളയുണ്ടു കുഞ്ഞിക്കരങ്ങളിൽപൊൻവളയും 

കിങ്ങിണികെട്ടിയകുഞ്ഞരതന്നിലായ് 

മിന്നുന്നപട്ടിന്റെകോണമുണ്ട് 


മാറത്തു*ചൂതപ്പഴത്തിന്റെമാലയു-

മോമൽക്കഴുത്തിലെ പൊൻമാലയും 

ഓമനക്കുട്ടന്റെതോളിൽ,വളകളും

കാതിലെപ്പൂവുംനിറന്നുകാൺമൂ 


ചന്ദനംകൊണ്ടുമെനഞ്ഞമുഖത്തതാ 

സ്വർണ്ണതിലകംതെളിഞ്ഞുകാണ്മൂ 

പൊന്നിൻമകുടേയണിഞ്ഞുകാണുന്നുണ്ടു 

നന്ത്യാർവട്ടത്തിൻ മുടിമാലകൾ 


താമരപ്പൂക്കളാൽകെട്ടിയമാലകൾ 

കാണുന്നുരണ്ടെണ്ണംമോടിക്കായി

താമരക്കണ്ണന്റെമാറിലുംകാണുന്നു 

ചോന്നതെച്ചി,തൃത്താപ്പൂമാലയും 


പല്ലവംപോലുള്ളകയ്യിനാലാണല്ലോ 

പർവ്വതം പുല്ലെന്നപോലുയർത്തി 

നിന്നൂ!വലംകയ്യിൽവേണുവുമായിന്നു 

മന്ദഹസിച്ചുകൊണ്ടാണുകൃഷ്ണൻ 


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണഗോവർദ്ധനോദ്ധാരകൃഷ്ണ 

തൃപ്പദച്ചോട്ടിൽകിടക്കുന്നഭക്തരെ-

യുദ്ധരിക്കേണമേസർവ്വശക്താ 


ഗിരിജ ചെമ്മങ്ങാട്ട്

*ചൂതം=മാവ്

No comments:

Post a Comment