ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 22
10.03.2024
ഏട്ടന്റെതോളത്തുകേറിയമട്ടിലായ്
മേൽശാന്തിയിന്നു കളഭം ചാർത്തി
പൊന്നിൻകലപ്പവലംകയ്യിൽ,കണ്ണന്റെ
കുഞ്ഞുകാൽ രാമന്റെ മറ്റേക്കയ്യിൽ
നല്ലോരുമാലയണിഞ്ഞൂബലരാമൻ
കുഞ്ഞനിയന്നേറെ പൂമാലകൾ
കാൽത്തള,കൈവള,കിങ്ങിണി കാതിൽപ്പൂ
കോട്ടംകൂടാതൊത്തു കാണുന്നുണ്ട്
പൊന്നുറിതന്നിലടച്ചുവെച്ചുള്ളൊരാ
വെണ്ണക്കലത്തിന്നടപ്പുമാറ്റി
വെണ്ണയുണ്ണുന്നൂ,മണിവർണ്ണ,നേട്ടനും
സന്തോഷത്തോടങ്ങു നൽകുന്നുണ്ട്
കിങ്ങിണിമേൽക്കാണാ,മോടക്കുഴലതാ
മണ്ണിൽവീഴാതെ തിരുകീട്ടുണ്ട്
അമ്മകാണില്ലെന്നഭാവം,നവനീത-
ക്കള്ളന്റെ കണ്ണിൽ തിളങ്ങുന്നുണ്ട്
കാണാം കളഭത്തിൻപീലിക്കിരീടത്തിൽ
നാനാവർണ്ണത്തിലായുണ്ടമാല
കാണാമലങ്കാരമാലകൾ മൂന്നെണ്ണം
താമര ,തെച്ചിപ്പൂ,നന്ത്യാർവട്ടം
*സീരിതൻതോളത്തുകേറിയിരുന്നിട്ട്
വാരിക്കഴിക്കുന്നു,വെണ്ണ വീണ്ടും
സാഹോദര്യം,ഭൂവിലെന്നുംനിലനിൽക്കാൻ
മാതൃകകാണിക്കയാണു കൃഷ്ണൻ
കൃഷ്ണാഹരേജയ കൃഷണാഹരേജയ
കൃഷ്ണാഹരേജയരാമഭദ്രാ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേബലരാമഭദ്രാ
ഗിരിജ ചെമ്മങ്ങാട്ട്
സീരി = ബലരാമൻ
No comments:
Post a Comment