ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 41
30.03.2024
ശ്രീലകത്തിന്നുകാണാമുണ്ണിയെ
ആലിലക്കൃഷ്ണനെന്നപോൽ
ശ്രീയെഴുംമുഖം ചന്ദനത്താലെ
ശ്രീനാഥൻ ചാർത്തി ചന്തത്തിൽ
പൊന്നിളംവലംകയ്യാൽ,കാൽവിരൽ
കുഞ്ഞുവായിലേയ്ക്കാക്കിയും
തന്നിടംകയ്യിൽ വേണുവുമായി
പല്ലവാംഗൻ കിടക്കുന്നു
രണ്ടുകാലിലും കാണുന്നൂതള
പൊന്നരയിലരഞ്ഞാണും
കോണകമില്ലൊരാണ്ടുചെന്നാലേ
മോടിയായുടുപ്പിക്കാവൂ!
കൈവളയുണ്ടൊ,ഴുക്കൻമോതിരം
കാണുന്നുണ്ണിക്കഴുത്തിലും
ചേലെഴുന്ന തുളസിപ്പൂമാല
ചേരുന്നൂകുഞ്ഞുമാറിലും
കുഞ്ഞിക്കർണ്ണങ്ങൾ ശോഭിക്കുന്നുണ്ട്
കുഞ്ഞിപ്പൂക്കളണിഞ്ഞപ്പോൾ
ചന്ദനത്തിരുനെറ്റിയിന്മേലും
സ്വർണ്ണപ്പൊട്ടുതിളങ്ങുന്നു
മഞ്ഞൾവർണ്ണമകുടത്തിൽകാണ്മൂ
ചന്ദനപ്പീലി മൂന്നെണ്ണം
വെള്ളപ്പൂക്കൾചിരിക്കുംമാലകൾ
ഉണ്ണിക്കൃഷ്ണനലങ്കാരം
മാതാവിൻസ്തന്യമുണ്ണുമ്പോലല്ലോ
പാദാംഗുലത്തെയുണ്ണുന്നു
പാലിൻമാധുര്യം തോല്ക്കുമ്പോലല്ലോ
പേവലാംഗൻ ചിരിക്കുന്നു
കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ
കൃഷ്ണ ഗോവിന്ദ ഗോവിന്ദാ
കൃഷ്ണ കൃഷ്ണ മുകുന്ദ ഗോവിന്ദ
കൃഷ്ണ ഗോവിന്ദ മാധവാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment