Tuesday, 2 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 45

03.04.2024


കൃഷ്ണനുശുദ്ധിയുമുച്ചനിവേദ്യവും

കൃഷ്ണനാം തന്ത്രിയാണിന്നുചെയ്തു

ഭക്തനാംശാന്തിമധുസൂദന,നുണ്ണി-

ക്കൃഷ്ണനുനന്നായ് കളഭംചാർത്തി


കാലിൽതളകളും കിങ്ങിണിക്കുമ്പമേൽ

കോണവുമായി,ത്തടിച്ചൊരുണ്ണി

ശ്രീലകത്തങ്ങു ചിരിച്ചരുളീടുന്നു

താമരമാലയണിഞ്ഞുംകൊണ്ട്


മാറിൽകാണുന്നൊരുമാങ്ങാമാല,പോരാ-

തായിരംമൊട്ടുള്ളമുല്ലമാല

പാണിയിൽമിന്നിത്തിളങ്ങും വളകളും

തോളത്തുരണ്ടിലും തോൾവളയും


കാതിലെപ്പൂക്കളും ഫാലക്കുറികളും

മാലേയശോഭിത,മാനനവും

പീലിക്കളഭക്കിരീടവുംചേർന്നുള്ള.

ഗോകുലബാലനിന്നെന്തുഭംഗി!


താമര തെച്ചിത്തുളസികൾചേർന്നുള്ള

പൂമാലകാണാം തിരുമുടിയിൽ

കാണാം പലവർണ്ണമായുണ്ടമാലകൾ

പ്രേമസ്വരൂപനലങ്കാരമായ്


തൃക്കരമൊന്നാൽ,മുരളിയുംതോളിൽവെ-

ച്ചുത്സുകം മന്ദഹാസംപൊഴിച്ച്

ഭക്തരെയെല്ലാമനുഗ്രഹിച്ചീടുന്ന

മട്ടിൽ,തിടുക്കമോടിന്നുകണ്ണൻ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ ശ്യാമളാംഗാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാ നിരാമയാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment