Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 60

18.04.2024


കൃഷ്ണോതിക്കനാണിന്നു

കൃഷ്ണനുണ്ണിയെഭംഗിയായ്

ഒരുക്കീ കളഭത്താലെ 

ചതുർബ്ബാഹുക്കൾചേർന്നു,ഹാ!


ഉച്ചനൈവേദ്യപൂജയ്ക്കോ 

മേൽശാന്തി മധുസൂദനൻ 

ദിവ്യമന്ത്രങ്ങൾ ചൊല്ലീട്ടു 

നേദിച്ചൂ,വേണ്ടപോലെയായ് 


കാലിൽ തളകൾമിന്നുന്നൂ

ചെമ്പട്ടാണുധരിച്ചതും

പട്ടിന്മേലൊരുമേൽമുണ്ടും

കെട്ടിനിൽക്കുന്നുകേശവൻ 


മാറത്തുണ്ടുപതക്കത്തിൻ 

മാലയും മാങ്ങമാലയും

തെച്ചിപ്പൂതുളസിപ്പൂക്ക-

ളൊപ്പംകെട്ടിയമാലയും 


രണ്ടുകൈകളിലുണ്ടല്ലോ 

കളഭത്താൽചക്രശംഖുകൾ 

ഗദയോചന്ദനത്താലെ 

ചാർത്തീ,കയ്യിൽ സരോജവും 


ചെവിപ്പൂവുണ്ടുകർണ്ണത്തിൽ 

കേയൂരങ്ങൾ ഭുജങ്ങളിൽ

മാലേയമുഖരേകാണ്മൂ 

സ്വർണ്ണവർണ്ണ,തൊടുക്കുറി


കളഭത്തിൻ കിരീടത്തിൽ

ചേരുന്നൂ മുടിമാലകൾ 

വിതാനമാല്യമായിട്ടും

കാണാമഞ്ചാറുമാലകൾ 


കരുണാർദ്രസ്മിതത്താലെ 

കനിവിൻ കാതലെന്നപോൽ

ശ്രീലകത്തുവിളങ്ങുന്നൂ

നാരായണമഹാപ്രഭു


കൃഷ്ണകൃഷ്ണ ദയാനന്ദാ 

ഭക്തവത്സല മാധവാ

കൃഷ്ണകൃഷ്ണകൃപാമൂർത്തേ 

രക്ഷയേക!ജഗത്പതേ!


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment