ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 30
19.03.2024
ഗജേന്ദ്രമോക്ഷത്തിൻ കഥാസന്ദർഭത്തെ
കളഭത്താൽനന്നായ് മെനഞ്ഞിന്നോതിക്കൻ
കളഭംകൊണ്ടുള്ള ഗരുഡന്മേലേറി
തെളിഞ്ഞുകാണുന്നു ധരണീനാഥനെ
തൊഴുന്നതുമ്പിയിൽ സരസിജവുമായ്
വണങ്ങീട്ടങ്ങനെ തെളിഞ്ഞൊരാനയും
കളഭത്താൽത്തന്നെ വരച്ചുനന്നായി
*കളഭം തന്നെയും കരവിരുതോടെ
വലതു കയ്യിലായ് സുദർശനചക്രം
തിരിയുന്നൂ,നക്രവധംകഴിഞ്ഞപോൽ
ഇടത്തേക്കയ്യിൽ,നെഞ്ചിനോടുചേർത്തതാം
ഗജരാജസമർപ്പിതമാം താമര
വിരിഞ്ഞമാറിടം വിളങ്ങിക്കാണുന്നു
കനകമാല്യവും വനമാല്യവുമായ്
ചെവിപ്പൂക്കൾ കാണാം ,മിനുത്തനെറ്റിയിൽ
തെളിഞ്ഞുചാർത്തിയ സുവർണ്ണഗോപിയും
മയിൽപ്പീലികൊണ്ടു മിനുക്കിത്തീർത്തതാം
മണിക്കിരീടവും തെളിഞ്ഞു കാണുന്നു
മുടിയിൽ പൂമാല പലനിറത്തിലായ-
ലങ്കാരമായും നിറഞ്ഞു മാലകൾ
കഠിനദു:ഖമാം മുതലവായിൽനി-
ന്നവനി,ജാതരെ കനിഞ്ഞുരക്ഷിക്കാൻ
വരണം,*വൈനതേയ വാഹനമേറി
മുരാന്തകാ,സ്വാമിൻ! പ്രഭുനാരായണാ
ഹരേ നാരായണാ ഹരേ നാരായണാ
ഹരേനാരായണാ പതിതരക്ഷകാ
ഹരേനാരായണാ ഹരേനാരായണാ
ഹരേനാരായണാ അബലപാലകാ
ഗിരിജ ചെമ്മങ്ങാട്ട്
കളഭം = ആനയുടെ മറ്റൊരുപദം
വൈനതേയൻ = വിനതയുടെ പുത്രൻ,ഗരുഡൻ
No comments:
Post a Comment