ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 34
23.03.2024
മേൽശാന്തി ശ്രീനാഥനല്ലോ ഇന്ന്
കേശവപൂജയ്ക്കൊരുങ്ങി
ആദ്യമേ ചന്ദനംചാർത്തീ മുഖം
ശേഷം കളഭത്താൽ മേനി
രാമന്റെ രൂപത്തിലാണേ ഇന്ന്
ഗോപകുമാരനൊരുങ്ങി
ഓടക്കുഴലല്ലാ കയ്യിൽ ചെറു-
തായിട്ടുതീർത്ത കലപ്പ
ഏട്ടനെപ്പോലെ വലുതായ് ഞാനെ-
ന്നൂറ്റംകൊണ്ടീടുന്ന ഭാവം
കോണകമല്ല കസവാൽ മേന്മ
ചേരുന്ന പട്ടാണുചുറ്റി
കാൽത്തളകാണാ,മരയിൽ പൊന്നിൽ
തീർത്തുള്ള കിങ്ങിണി കാണാം
നേർത്തഭുജങ്ങളിലല്ലോ ഭംഗി-
ചേർക്കുന്ന കേയൂരം കാണാം
കർണ്ണത്തിലുണ്ടുരണ്ടെണ്ണം വീതം
ചന്തത്തിൽതീർത്ത സുമങ്ങൾ
നെറ്റിയിൽകാണുന്നു ഗോപി,മുടി-
ക്കെട്ടിലോനന്മയിൽപ്പീലി
താമരപ്പൂക്കളാൽ തീർത്ത,തിരു-
മാലകൾകാണുന്നു ചേലിൽ
മേലെയലങ്കാരമാല കണ്ണി-
ന്നാനന്ദം വേണമോ മേലിൽ
മാറത്തുമന്ദാരമാല,തെച്ചി-
പ്പൂവുംതുളസിയുംചേർന്ന്
കേരളകർഷകനായി,കണ്ണൻ
ശ്രീലകേ നിന്നുചിരിപ്പൂ
കൃഷ്ണാ ഹരേരാമകൃഷ്ണാ ഹരേ
കൃഷ്ണാ ബലരാമകൃഷ്ണ
കൃഷ്ണാ ഹരേ ബലരാമാ ഹരേ
കൃഷ്ണാ കൃഷീവലരാമാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment