Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 36

25.03.2024


മുട്ടിലിഴയുന്നൊരുണ്ണിയെയാണിന്നു

മെച്ചമായ് ചെയ്തുസതീശോതിക്കൻ

ഉച്ചപ്പൂജയ്ക്കുനിവേദിക്കാൻവന്നതോ

അഷ്ടമൂർത്തീനാമനായവിപ്രൻ


കുഞ്ഞുവലംകയ്യുയർത്തിപ്പിടിച്ചതിൽ

വെണ്ണയുരുളയൊന്നുണ്ടുകാണ്മു

തന്നിടംകയ്യിലായോടക്കുഴലുണ്ടു

മെല്ലെ നിലത്തോടുചേർന്നമട്ടിൽ


ഊണുകഴിക്കുമ്പോൾ പായസമായെന്നോ

കോണകമെന്തേയുടുത്തിട്ടില്ല

മാതാവുവേറൊന്നെടുക്കുവാൻപോയപ്പോൾ

വാതുക്കലെത്തിയോ കൊണ്ടൽവർണ്ണൻ


വെണ്ണയുംവേണുവുമേന്തുംകരങ്ങളിൽ

സ്വർണ്ണവളകൾതിളങ്ങുന്നുണ്ട്

കിങ്ങിണിയുണ്ട്,കുനുനെഞ്ചിൽകല്ലുള്ള-

പുള്ളിപ്പുലീനഖമോതിരവും


*അംസവലയങ്ങൾ ചേർന്നൊരാ തോളുക-

ളൊന്നുതലോടുവാൻ തോന്നിപ്പോകും

കർണ്ണത്തിൽമിന്നുന്ന ഗോപീതിലകങ്ങൾ

കണ്ടുനിന്നീടുവാൻ തോന്നിപ്പോകും


പീലിത്തിരുമുടിക്കെട്ടും നിടിലത്തിൽ

ഗോപിത്തിലകവും കാണുന്നേരം

ദീനവ്യഥകളുമാധിയുമെല്ലാമേ

ചേതസ്സിങ്കൽനിന്നകന്നേപോകും


ദീനരിലുന്മേഷംചേർക്കുവാൻ പോന്നുള്ള

മോഹനപ്പുഞ്ചിരിചെയ്തുകൊണ്ട്

ഗോപഗൃഹപ്പുറത്താളത്തിലെന്നപോൽ

മായാകുമാരകൻനിന്നീടുന്നു


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ പങ്കജാക്ഷാ !

കൃഷ്ണാഹരേ ജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേ മഴ മേഘവർണ്ണാ !


ഗിരിജ ചെമ്മങ്ങാട്ട് 

* അംസവലയം = തോൾവള

No comments:

Post a Comment