Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 29

18.03.2024


കക്കാട്ടെ കുട്ടനാമോതിക്കൻ മെച്ചത്തിൽ

കൃഷ്ണരൂപത്തിൽ കളഭം ചാർത്തി 

നിൽക്കയാണോടക്കുഴൽ വലംകയ്യിലും

മറ്റേക്കൈ പൊന്നരക്കെട്ടിലുമായ്


കാൽത്തള മിന്നുന്ന പാദങ്ങൾ കാണുമ്പോൾ

ചേർത്തുവന്ദിക്കേണമെന്നുതോന്നും

പൊന്നരഞ്ഞാണത്തിൽ ചേരുന്ന കോണകം

കണ്ണിന്നു കൗതുകമായിത്തോന്നും


കൃഷ്ണപ്രസാദാണു പൊന്നുണ്ണിക്കണ്ണന്റെ

ഉച്ചനിവേദ്യത്തിൻ പൂജചെയ്തു

കൃത്യമായോരോവിഭവങ്ങളാലിന്നു

തൃപ്തിവരുത്തി മന്ത്രങ്ങൾ ചൊല്ലി


പാൽപ്പായസം,തേങ്ങാപ്പാലിൽകുറുക്കിയൊ-

രേത്തപ്പഴത്തിൻ പ്രഥമനുമായ്

നേദ്യച്ചോർ,വെണ്ണയും ചേർന്നോരമൃതേത്താൽ

വീർത്തകുഞ്ഞിക്കുമ്പ,യ്ക്കെന്തുഭംഗി!


കങ്കണം കാണുന്നു കേയൂരവും,മാറി-

ലഞ്ചുഗോപീതിലകത്തിൻമാല

വെള്ളപ്പൂ,തെച്ചിപ്പൂ ധാരാളമായ്തീർത്തൊ-

രുണ്ടമാലയ്ക്കേറെ മോടികൂട്ടാൻ


മാലേയനിർമ്മിതപ്പൂമുഖംതന്നിലായ്

ഗോപിക്കുറിയൊന്നു കാണാകുന്നു

പീലിക്കിരീടത്തിൽ കാണാം മുടിമാല

കാണാം വിതാനമാ,യത്ര മാല


നെയ് വിളക്കേകും പ്രകാശത്തിൽ ശ്രീലകേ

മന്ദഹസിക്കുന്നു കൊണ്ടൽവർണ്ണൻ

വന്ദിക്കും ഭക്തരിൽ കാരുണ്യപീയൂഷ-

മെന്നുമേകീടാനൊരുങ്ങുമ്പോലെ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ മോഹനാംഗാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

സച്ചിതാനന്ദാ ,മുകുന്ദാ കൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട് 

മാലേയം = ചന്ദനം

No comments:

Post a Comment