Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 14

02.03.2024


ഉത്സവം ഭംഗിയായ് തീർന്ന സന്തോഷത്തിൽ

കൃഷ്ണകുമാരകനങ്ങിരിപ്പൂ

തൃപ്പദങ്ങൾ മെല്ലെയൊന്നുമടക്കിയും

തൃക്കൈകൾ രണ്ടും തുടമേൽവെച്ചും


കാണാം തളകളും കങ്കണം കിങ്ങിണി

കാണാമിരുതോളിൽ പൊൻവളകൾ

കോണകം നന്നായുടുത്തിട്ടും കാണുന്നു

ഗോവിന്ദനെന്നും കളഭകാന്തി


മാറിലണിഞ്ഞൊരു പൊന്മണിമാലയായ്

ചേരുന്നൂ നല്ലതാമുണ്ടമാല

കാണാംചെവികളിൽ കർണ്ണാഭരണങ്ങൾ

പൂവിനാൽതീർത്തതാണെന്തുഭംഗി


ചന്ദനച്ചാർത്തിൽ വിളങ്ങുന്നനെറ്റിമേൽ

ചന്തത്തിൽ തൊട്ടുള്ള സ്വർണ്ണഗോപി

നന്ദകുമാരകൻതന്റെ ശിരസ്സിലായ്

മഞ്ഞൾനിറത്തിൽ കളഭപ്പീലി


താമരകൊണ്ടും വെളുത്തപുഷ്പംകൊണ്ടും

ചേലൊത്തി,രുമുടിമാലയുണ്ട്

പാകത്തിൽ നന്നായ് പിരിച്ചുള്ളമാലകൾ

മോളിലലങ്കാരമായുമുണ്ട്


ഉത്സവമെല്ലാമനർത്ഥങ്ങൾകൂടാതെ-

യെത്രയും നന്നായെന്നാശ്വസിച്ചും

വിശ്രമഭാവത്തിലാണുചുമർചാരി

കൃഷ്ണനിരിപ്പു,ശ്രീമന്ദിരത്തിൽ


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment