ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 46
04.04.2024
ചെറിയൊരുണ്ണിയായ് ഭഗവാനെക്കാണാം
പഴയംനന്ദന്റെ വിരുതിനാൽ
മധുവാംമേൽശാന്തിപ്പൂജനൈവേദ്യം
മതിയാവോളം ഭുജിച്ചപോൽ
അരിയൊരു ബാലൻ കേറിനിൽക്കുന്നു
ചെറുപാമ്പിന്മേലെ കളിപോലെ
ചെറുതളയുണ്ടുകുഞ്ഞിപ്പാദത്തിൽ
ചെറുകങ്കണങ്ങൾ കൈകളിൽ
അരയിൽ കിങ്ങിണിമേലെനന്നായി-
ട്ടൊരുചെമ്പട്ടിന്റെ കോണകം
കുനുതോളുകളിൽ കാണാംകേയൂരം
ചെവികളിൽനല്ലപൂക്കളും
മൃദുമാറത്തൊരു മാങ്ങാമാലയും
നനുകണ്ഠേയൊരുമാലയും
വെളുവെളുത്തമന്ദാരപ്പൂവൊത്തി-
ട്ടഴകേറും ചെന്താർമാലയും
മണമേറും ചന്ദനത്താൽ ചാർത്തിയ
മുഖപദ്മേ സ്വർണ്ണഗോപിയും
തിരുമകുടത്തിൽ പീലിയും,മേലെ
മുടിമാലകളും കാണുന്നു
വലതുകയ്യിലോ,മുരളിയും പിന്നെ-
യിടതിൽ സർപ്പത്തിൻ വാലുമായ്
കളികളാണെല്ലാമെന്നഭാവത്തിൽ
ചിരിയുമായ് കണ്ണൻ നിൽക്കുന്നു
ഹരേകൃഷ്ണാകൃഷ്ണാ ഹരേകൃഷ്ണാകൃഷ്ണാ
ഹരേകൃഷ്ണാകൃഷ്ണാ ശ്രീധരാ
ഹരേകൃഷ്ണാകൃഷ്ണാ
ഹരേകൃഷ്ണാകൃഷ്ണാ
ഹരേകൃഷ്ണാകൃഷ്ണാ മാധവാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment