Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 76

04.05.2024


ഉച്ചനൈവേദ്യം കഴിഞ്ഞുചിരിയുമായ്

കൃഷ്ണനെ കാണാം ഗുരുപുരിയിൽ 

തൃക്കരമൊന്നിലുണ്ടല്ലോ നവനീതം 

നൊട്ടിനുണയുവാനെന്നപോലെ 


വീതിയിലുള്ളതാണിന്നുതളകളോ

കാണുന്നുകൈവള ചന്തമോടെ 

പട്ടുകസവുമുണ്ടാണരയിൽചുറ്റി-

നില്ക്കുന്ന,തിന്മേലെ കിങ്ങിണിയും 


മാറത്തണിമാങ്ങാമാലയ്ക്കുചേരുന്ന-

പോലൊരുമാലകഴുത്തിലുണ്ട് 

മാലയ്ക്കഴകുകൂട്ടാനോ,തിലകവും 

കോമളബാലനണിഞ്ഞിട്ടുണ്ട് 


തോളിലുംകാണാംവളക,ളിരുചെവി-

മേലെയുംകാണുന്നുകർണ്ണസൂനം

ഫാലതടത്തിലുണ്ടല്ലോതിളങ്ങുന്നു 

ഗോവിന്ദഗാത്രമിന്നെന്തുചന്തം!


മഞ്ഞക്കളഭമണിഞ്ഞകിരീടത്തിൽ

നന്മയില്പീലിതിളങ്ങിടുന്നു 

തെച്ചി,തുളസി,മന്ദാരപ്പുവൊന്നിച്ചു

കെട്ടിയാതാണല്ലോകേശമാല 


താമരമാല,തുളസിക്കഴുത്തിനാൽ 

കോമളമായി പിരിച്ചമാല

മാധവനിന്നലങ്കാരമായുണ്ടല്ലോ 

ശ്രീകോവിലെല്ലാം നിറവെളിച്ചം


പൊന്നിടംകയ്യിലൊരോടക്കുഴലുമായ്

പുഞ്ചിരിചേരുമധരവുമായ്

വെണ്ണയുണ്ണാനെന്നഭാവേനകാണുന്നു 

കണ്ണനെമന്ദിരംതന്നിലിന്ന് 


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേ കൃഷ്ണമേഘവർണ്ണാ 

കൃഷ്ണാഹരേജയകൃഷ്ണാഹരേജയ

കൃഷ്ണാഹരേകൃഷ്ണമോഹനാംഗാ 


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment