Thursday, 18 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 106

17.07.2024

അഞ്ജനക്കല്ലിന്റെ വിഗ്രഹത്തിൽ
കണ്ടില്ലയെന്തേ,കളഭഭംഗി
പൊന്മുഖംകാണുന്നുചന്ദനത്തിൽ
മന്ദഹസിക്കുന്ന ഭാവമോടെ

പീതാംബരച്ചേലയൊന്നുചുറ്റി
മീതെമരതക്കച്ചകെട്ടി
ഓടക്കുഴലും ധരിച്ചുകൊണ്ട്
ബാലഗോപാലൻ വിളങ്ങിടുന്നു

മാറത്തരിമുല്ലമൊട്ടുമാല
മീതെരസാലഫലത്തിന്മാല
കാണാം ഗളത്തിൽ വളയമാല
കാനനപ്പൂവിന്റെയുണ്ടമാല

മാലേയമോഹന,മാനനത്തിൽ
ഗോപിക്കുറിയൊന്നു കാണ്മു ഭംഗ്യാ
പീലിക്കിരീടേവിളങ്ങുന്നുണ്ട്
താമരപ്പൂവിന്റെ കേശമാല

മേലെയലങ്കാരമാലയല്ലോ
തൂങ്ങിനിൽക്കുന്നുണ്ട് മോടിയോടെ
ശ്രീലകേ നെയ്ദീപകാന്തിയോടെ
മാധവനുണ്ണി വിളങ്ങിടുന്നു

എന്തേ കളഭാലലങ്കരിക്കാൻ
പൊന്നുണ്ണിയിന്നു വഴങ്ങിയില്ല!
നന്ദകുമാരന്റെ ലീലയെല്ലാം
മന്നിലുള്ളോർക്കോ തിരിഞ്ഞിടുന്നു !

കൃഷ്ണാഹരേജയ,കൃഷ്ണകൃഷ്ണാ !
കൃഷ്ണാഹരേജയ,ശ്യാമവർണ്ണാ !
കൃഷ്ണാഹരേജയ,കൃഷ്ണകൃഷ്ണാ !
കൃഷ്ണാഹരേജയ,സുന്ദരാംഗ !

ഗിരിജ ചെമ്മങ്ങാട്ട് 

No comments:

Post a Comment