ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 70
28.04.2024
ഗുരുവായൂർപുരമന്ദിരത്തിലായ്
മരുവുന്നൂകണ്ണൻ ചിരിയോടെ
തിരുപാദങ്ങൾ പിണച്ചാണങ്ങനെ
മുരളിയൂതുന്നഭാവത്തിൽ
തളകൾ,കയ്യിലെവളകൾ,തോൾവള
അരയിലെപ്പൊന്നുകിങ്ങിണി
കസവുപട്ടിനാൽ വീതിയിലല്ലോ
മണിവർണ്ണൻമെയ്യിൽകാണുന്നു
അരയിലുംകാണാംകസവുപട്ടൊന്ന്
ഞൊറിവെച്ചൂചുറ്റിയിട്ടുണ്ട്
വിരുതനാമുണ്ണിതന്റെചുണ്ടിലായ്
വിടരുന്നൂമന്ദസ്മേരങ്ങൾ
നിറമെഴുന്നപോൽക്കാണുന്നൂമാറിൽ
മുകുളമല്ലികപ്പൊന്മാല
അതിനോടൊപ്പമായ്ക്കാണ്മൂകണ്ഠത്തിൽ
വളയമാലയുമൊന്നതാ
തൊടുവിച്ചിട്ടുണ്ടു,കനകഗോപിക-
ളിരുതോളത്തുമേ ഭംഗിയിൽ
അതിനുചേർന്നപോൽതൊട്ടിട്ടുണ്ടല്ലോ
തിരുനെറ്റിമേലുംപൊൻഗോപി
കളഭത്തിൻമകുടത്തിൽക്കാണുന്നു
വനമയിൽപ്പീലിരണ്ടെണ്ണം
മുടിമാലകളുംചുറ്റിയിട്ടല്ലോ
വെളുവെളുത്തുള്ളപൂക്കളാൽ
മുകളിലെങ്ങും വിതാനമായ്ക്കാണാം
വിവിധവർണ്ണത്തിൻ മാലകൾ
നറുനെയ്ദീപത്തിൻശോഭയിൽകൃഷ്ണൻ
മുരളിയൂതുന്നുഭക്തർക്കായ്
ഹരികൃഷ്ണാകൃഷ്ണഹരികൃഷ്ണാകൃഷ്ണാ
ഹരികൃഷ്ണാകൃഷ്ണാഹരികൃഷ്ണാ
കഠിനമാംനോവിലുഴലേയാശ്വാസം
തരണേവേണുവിൻനാദത്താൽ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment