Sunday, 14 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 103

14.07.2024


വിഷംനിറഞ്ഞതാണുവെള്ളമെന്നുതെല്ലറിഞ്ഞിടാ-

തിറങ്ങിദാഹമാറ്റി ഗോപബാലരും പശുക്കളും 

മരിച്ചുവീണുവെന്നുകണ്ടുകോപമോടെമാധവൻ 

ഭയംമറന്നുകേറിയുഗ്രനായനാഗമേനിയിൽ


കുരുന്നുപാദമൊന്നമർത്തിവെച്ചുപത്തിമേലതാ 

തുടങ്ങിടുന്നുനൃത്തമ,ത്തളക്കിലുക്കമോടുടൻ

നനുത്തകൈകളിൽചിരിച്ചുപാടിടുന്നുകങ്കണം 

കഴുത്തിൽപൊന്നുമാല,വന്യമാലയും പതക്കവും 


ഭുജത്തിലുണ്ടുകാപ്പു,നല്ലപൂക്കളുംചെവിക്കുമേൽ 

നിറന്നുകാണ്മു,നെറ്റിയിൽസുവർണ്ണഗോപിയൊന്നതാ 

മണിക്കിരീടമുണ്ടുശോഭചേരുമാറുപീലികൾ 

തെളിഞ്ഞിടുന്നു നെയ് വിളക്കുനൽകിടുന്നകാന്തിയിൽ 


ക്ഷിതിക്കുവേണ്ടനല്ലനീരുനൽകിടുംപ്രവാഹിനീ-

ജലത്തിലൊക്കെ കാളകൂടമിട്ടിടുന്നുഭീകരർ 

വലത്തുകയ്യിൽപൊന്നുവേണു,സർപ്പവാലിടത്തിലും 

ധരിച്ചു,ധർമ്മനൃത്തമാടി,ശുദ്ധിചെയ്ക!മാധവാ!


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment