ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 51
09.04.2024
ഏട്ടനായബലരാമനെപ്പിടി-
ച്ചൂറ്റമോടെയൊരുകുട്ടിയാനപോൽ
മുട്ടിൽനിർത്തിവിരുതോടെയേറിമേ-
ലെത്തി,നർത്തനവിധത്തിൽകേശവൻ
തന്നിടത്തുതൂങ്ങീടുമുറിയിൽവെ-
ച്ചുള്ളമൺകുടമതീന്നുതഞ്ചമായ്
വെണ്ണയാർത്തിയൊടെവാരിവാരിയി-
ട്ടണ്ണനേകിയവനോൻഭുജിക്കയും
രാമനോവലതുകയ്യിൽവെണ്ണയും
താങ്ങിനായിടതുകൈനിലത്തുമായ്
സോദരന്റെമൃദുമേനിവീണിടാ-
തേകനായിബലമോടെനില്പതാ
അണ്ണനെന്നബലവാന്റെമേനിയിൽ
പൊന്നുഭൂഷകളണിഞ്ഞുകാണ്മതാ
കണ്ണനുംതളകൾ,കങ്കണങ്ങളും
മുല്ലമൊട്ടുമണിമാലയോടുമേ
കിങ്ങിണിക്കുമേൽകോണകം,മുരളി-
യുണ്ടുതന്നരയിൽകുത്തിവെച്ചപോൽ
വെള്ളമുണ്ടു കസവിൽപൊതിഞ്ഞതാ-
ണിന്നുസോദരനുടുത്തുനില്പതും
കർണ്ണമോരോന്നിൽരണ്ടുപൂവുകളു-
മുണ്ടുചേലൊടെ,പതിച്ചുചേർത്തതായ് മുന്നെവന്നൊരു*മുതിർന്നശാന്തിയാ-
ണിന്നുഗോകുലനുചാർത്തിചന്ദനം
മഞ്ജുളാനനമതിൽ പ്രകാശമായ്
കണ്ടിടുന്നൊരുസുവർണ്ണഗോപിയും
മിന്നിടുന്നകളഭക്കിരീടവും
സുന്ദരാകൃതിയിലുള്ളപീലിയും
ഭക്തനായമധുവിന്റെപൂജയിൽ
തൃപ്തനാണനുജനെങ്കിലുംസദാ
ഒത്തുചേർന്നിടുകയാണുകേളിയിൽ
തുഷ്ടനായവിധമിന്നിതഗ്രജൻ
കൃഷ്ണകൃഷ്ണമണിവർണ്ണമാധവാ
കൃഷ്ണകൃഷ്ണബലരാമസോദരാ
കൃഷ്ണകൃഷ്ണനവനീതതസ്ക്കരാ
കൃഷ്ണകൃഷ്ണഗുരുവായുരേശ്വരാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment