Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 18

06.03.2024


പൂർണ്ണത്രയീശന്റെ രൂപത്തിൽകക്കാട്ടെ

ഓതിക്കൻ,കണ്ണന്റെ രൂപംതീർത്തു

ഉച്ചപ്പൂജയ്ക്കെല്ലാം കൃത്യമായ്ചെയ്തല്ലോ

 ഉത്സാഹത്തോടെ ,മനോജോതിക്കൻ


മുന്നം,വലത്തുകാലൊന്നുമടക്കിയും

മെല്ലേയിടത്തുകാൽ താഴേയ്ക്കിട്ടും

പന്നഗപീഠസ്ഥനായതുപോലല്ലോ

ഇന്ദിരാനാഥനെ കണ്ടിടുന്നു


കാണുന്നു ,തൃക്കയ്യാമൊന്നിൽവരമുദ്ര

ത്രാണനമുദ്ര,മറുകയ്യിലും

മന്ദസ്മിതത്തോട,നുഗ്രഹഭാവത്തിൽ

സുന്ദരരൂപനിരിക്കുന്നുണ്ട്


പൊന്നിൻവളകളും,കിങ്ങിണി,തോൾവള

കണ്ഠത്തിൽകാണാം വളയമാല 

നെഞ്ചത്തു നന്നായ് തിളങ്ങിക്കാണാകുന്നു

സ്വർണ്ണപ്പതക്കത്തിൻ രത്നമാല


കാണാം കളഭക്കിരീടത്തിൽചേലൊത്ത

മാലകൾരണ്ടെണ്ണംവെള്ളപ്പൂവാൽ

മാറിൽചുവന്നുള്ളതെച്ചിയും തൃത്താവും

 നീലക്കാർവർണ്ണനുമാല്യമായി


കാണാംശിരസ്സിന്നുമേലേയലങ്കാര-

മാലകൾമൂന്നുണ്ട് തെച്ചിപ്പൂവും,

താമരപ്പൂക്കളും,മന്ദാരപ്പൂക്കളും

ചേലൊത്തുതീർത്തതാണെന്തുചന്തം!


ആദിശേഷന്റെ ഫണങ്ങൾ കുടയാക്കി

ക്ഷേമാഭയങ്ങളെനൽകിക്കൊണ്ട്

ശ്രീലകത്തിന്നുവിളങ്ങുന്നമൂർത്തിയെ

താണുതൊഴുതീടാംഭക്തിയോടെ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

രുക്മിണീവല്ലഭാ കുമ്പിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment