Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 19

07.03.2024


കൂർമ്മാവതാരത്തിൻരൂപത്തിലാണല്ലോ

ശ്രീനാഥൻ ചന്ദനരൂപംതീർത്തു

ആമക്കവചത്തിൻമേലെ,ചുവന്നുള്ള

കോടിക്കസവിന്റെ പട്ടും ചാർത്തി


താഴെയായ്ക്കാണ്മൂ കമഠത്തിൻരൂപത്തിൽ

നാരായണാകൃതി,മേലോട്ടേയ്ക്കും

കേയൂരം കൈവള,കിങ്ങിണി,മാലകൾ

പാലാഴീവാസനണിഞ്ഞുനിൽപ്പൂ


ശംഖുചക്രങ്ങൾ വിളങ്ങുന്നു കൈകളിൽ

മന്ദഹാസാമൃതം,ചെഞ്ചുണ്ടിലും

കുമ്പിടുന്നോർക്കു,സന്തോഷംനൽകാനായി

മന്ദിരംതന്നിൽ നിറഞ്ഞുനിൽപ്പൂ


കാതിൽചെവിപ്പൂക്കൾ,ഫാലേപൊന്നിൻഗോപി

കോമളഗാത്രത്തിൽ പൂമാലകൾ

പീലിക്കിരീടേ മുടിമാല ,പോരാഞ്ഞു

മേലെയുംകാണ്മൂ വിതാനമാല


വെള്ളത്തിലാണ്ടുള്ള മന്ദരപർവ്വതം

പൊന്തിച്ചുനിർത്തിയകർമ്മംപോലെ

പാപത്തിലാണ്ടോരെ,യുദ്ധരിച്ചീടുവാൻ

മാധവൻ വൈകാതെ വന്നീടണേ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

മുക്തിപ്രദായകാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട് 

കമഠം=ആമ. കേയൂരം=തോൾവള

No comments:

Post a Comment