Monday, 22 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 110

22.07.2024

കുഞ്ഞുപദമൊന്നു നലമോടഥപിണച്ചും
ചെഞ്ചൊടിയിലങ്ങു,ചെറുവേണുവതുചേർത്തും
ഇന്നുഗുരുവായുപുരി,പൊൻകളഭമാർന്നാ
കണ്ണനിതനില്പു ! മധുഗാനമതുതീർക്കാൻ

കുഞ്ഞുതളകാണ്മു,ചരണത്തിലതിഭംഗ്യാ കങ്കണവുമുണ്ടു,ചെറുപാണികളിലാഹാ !
നെഞ്ചിലഴകോടെ,വിലസുന്നുവനമാല
പൊന്നുമണിമാലകളുമുണ്ടു,ചിതമോടെ

കിങ്ങിണിയൊടൊത്തു,ചെറുകോണകവുമുണ്ട്
ചന്തമിയലും,കനകതോൾവളയുമുണ്ട്
കർണ്ണമതിലോ,കുസുമകാന്തിയതുമുണ്ട്
ചന്ദനമുഖത്തിലൊരു,പൊൻകുറിയുമുണ്ട്

പീലിമകുടത്തിൽ,മുടിമാലകളുമുണ്ട്
മോടിപകരുന്ന പലമാലകളുമുണ്ട്
ഓടിയണയുന്ന ജനവൃന്ദനിരനോക്കി ബാലനിത,നിന്നു,ചിരിതൂകിടുകയല്ലോ

ഗിരിജ  ചെമ്മങ്ങാട്ട്

No comments:

Post a Comment