Tuesday, 2 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 48

06.04.2024


ശംഖുചക്രഗദാപദ്മ-

മേന്തിനിൽക്കുന്നവിഷ്ണുവെ

കണ്ടീടാമിന്നുനാംചെന്നാൽ

ഗുരുവായൂരിലെശ്രീലകേ


ചന്ദനംകൊണ്ടുചാർത്തിച്ച-

തോതിക്കൻ,ഗദ ശംഖുകൾ

സ്വർണ്ണത്തിൽതീർത്ത ചക്രം,പി-

ന്നൊന്നിൽ ചോന്ന സരോജവും


കാലിൽ തളകൾകാണുന്നു

നാലുകൈകളിൽ കങ്കണം

അരയിൽ കസവിൻമുണ്ടു-

മതിന്മേലാണുകിങ്ങിണി


വിരിമാറിലണിഞ്ഞിട്ടു-

ണ്ടൊരു പൊന്മാങ്ങമാലയും

കഴുത്തിൽ വളയംപോലെ

മിനുത്തുള്ളൊരുമാലയും


ചെവിപ്പൂക്കൾ,കേയൂരങ്ങൾ

മുഖത്തെ സ്വർണ്ണഗോപിയും

പീലിക്കിരീടത്തിന്മേലെ

ചേലൊത്തുമുടിമാലയും


പലപുഷ്പങ്ങൾചേർത്തുള്ള

മാലയിന്നുവിതാനമായ്

കാണുന്നു,തിരുവക്ഷസ്സിൽ

തെച്ചിപ്പൂവുണ്ടമാലയും


നാലുബാഹുക്കളോടേയും

ശ്രീതാവുംചിരിയോടെയും

ശ്രീകോവിലിൽ നിൽക്കുന്നു

ദീനർക്കഭയമേകുവാൻ


കൃഷ്ണകൃഷ്ണമഹാരാജാ

കൃഷ്ണവൈകുണ്ഠനായകാ

കൃഷ്ണകൃഷ്ണ ചതുർബ്ബാഹോ

നിത്യംമേ,നൽകയാശ്രയം.


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment