Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 21

09.03.2024


വരാഹമൂർത്തീചമയത്തിലാണി-

ന്നൊരുക്കി,ശ്രീനാഥ്,കളഭത്തിനാലെ

വലത്തുകാലൊന്നുമടക്കി,താഴേ-

യ്ക്കിടത്തുകാൽമെല്ലെനിവർത്തിയിട്ടും,


പദങ്ങളിൽകാൽത്തളകണ്ടിടുന്നൂ

കരങ്ങളിൽ കങ്കണമുണ്ടുകാണ്മൂ

അരയ്ക്കു,വെള്ളിക്കസവിന്റെപട്ടും

ധരിച്ചിരിപ്പൂ,ധരണീമണാളൻ


കഴുത്തിൽനന്നായൊരുസ്വർണ്ണമാല

വെളുത്തപൂവാലൊരു വന്യമാല

വിരിഞ്ഞമാറിൽ പുതുശോഭയോടെ

പരന്ന കണ്ഠാഭരണങ്ങൾകാണാം


കിരീടവും,പീലികളാലൊരുക്കി

ചമച്ചതല്ലോകളഭത്തിനാലെ

നിറന്നുകാണാംമുടിമാലമേലായ്

നിറങ്ങളാൽചേർന്ന വിതാനമാല


ഇടത്തുകൈതൃത്തുടമേലെവെച്ചും

വലത്തുകയ്യാൽ ധരയെപ്പിടിച്ചും

ഇരിക്കയാം രക്ഷകഭാവമോടെ

മരുത്പുരേ,പാൽക്കടലിന്റെ നാഥൻ


യുഗങ്ങൾ മുമ്പാണസുരന്റെകണ്ഠം

മുറിച്ചു ഭൂദേവിയെവീണ്ടെടുത്തോൻ

ഭരിക്കയാണിന്നുമതേഗണങ്ങൾ

വധിക്ക!മക്കൾക്കഭയത്തെ നൽക!


നമിച്ചിടുന്നൂതവപാദമെന്നും

ജപിച്ചിടുന്നൂതവനാമമെന്നും

ഉഴന്നിടുന്നൂ,ഭവസാഗരത്തിൽ

തുഴഞ്ഞുകേറാൻ,കരമേകിടേണേ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment