ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 43
01.04.2024
ഭവദാസോതിക്കൻ മത്സ്യരൂപത്തിൽ
ഭഗവാനെ ചാർത്തി കളഭത്താൽ
മധുസൂദനനാം പുതിയമേൽശാന്തി
മധുവൈരീപൂജ ചെയ്തുപോൽ
അരതൻതാഴെയായ് മീനരൂപിക്കു
കസവുശല്ക്കങ്ങൾ കാണുന്നു
ഉദരത്തിന്മീതെ വിഷ്ണുരൂപമായ്
അവനീനാഥൻ വിളങ്ങുന്നു
വളകൾ മിന്നുന്നു തോൾവളകളും
ഗദ ചക്രം ശംഖും ചന്ദനാൽ
അരവിന്ദവുംവിളങ്ങുന്നങ്ങനെ-
യരവിന്ദാക്ഷന്റെ കൈകളിൽ
തിരുമാറിൽ മുല്ലമാലയും പിന്നെ-
യൊരുനല്ല മാങ്ങാമാലയും
തിരുകണ്ഠത്തിൽ വളയമാലയും
വനപുഷ്പങ്ങൾതൻമാലയും
ചെവിയിൽപൂവുണ്ട് നെറ്റിമേൽമൂന്നു-
തിലകങ്ങളും തെളിഞ്ഞുണ്ട്
മകുടത്തിന്മേൽ തുളസിപ്പൂക്കളാൽ
മുടിമാലയുണ്ടിന്നഴകോടെ
കമലവും തെച്ചിപ്പൂവും ചേർന്നുള്ള
വിവിധമാലകൾകാണുന്നു
കമലലോചന,നിന്നലങ്കാരം
നിലവിളക്കിന്റെ വെട്ടത്തിൽ
അധരത്തിൽ നറുംചിരിയുമായല്ലോ
കരുണൻനിൽക്കുന്നു ശ്രീലകേ
മകരമത്സ്യത്തിൻ വേഷത്തിൽ ഭക്തർ-
ക്കഭയംനൽകുന്ന ഭാവത്തിൽ
ഹരിനാരായണ ഹരിനാരായണ
ഹരിനാരായണാ ലോകേശാ
ഹരിനാരായണ ഹരിനാരായണ
അസുരകൈടഭമർദ്ദനാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment